Saturday 10 August 2013

ആണവ ചില്ലക്ഷരം

മലയാളം ആദ്യമായി യൂണിക്കോഡില്‍ ആക്കിയ കാലത്തു് ചില്ലക്ഷരം എന്‍കോഡ് ചെയ്യേണ്ടതില്ല എന്നു് ഒരു അഭിപ്രായം ഉന്നയിക്കപ്പെട്ടതിനാല്‍ ചില്ലക്ഷരം ഇല്ലാതെയാണു് യൂണിക്കോഡ് മലയാളം എന്‍കോഡിംഗ് നിലവില്‍ വന്നതു്. എന്നാല്‍ യൂണിക്കോഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ചില്ലക്ഷരം ലഭിക്കാന്‍ വ്യഞ്ജനം+്+zwj = ചില്ലക്ഷരം എന്ന സമ്പ്രദായം സര്‍വ്വസാധാരണമായി ഉപയോഗിച്ചു പോന്നു. എല്ലാവരും ഈ രീതിയില്‍ ചില്ലക്ഷരം റ്റൈപ്പടിച്ചപ്പോഴാണു ചില്ലക്ഷരം പ്രത്യേകം എന്‍കോഡ് ചെയ്യണം എന്ന വാദഗതിയുമായി പലരും രംഗപ്രവേശം ചെയ്തതു്. അതിനു വഴങ്ങി ആണവചില്ലക്ഷരം യൂണിക്കോഡില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. രണ്ടു തരത്തില്‍ ചില്ലക്ഷരം റ്റൈപ്പ് ചെയ്യുന്ന രീതി വന്നപ്പോള്‍ സാങ്കേതികമായി പല പ്രശ്നങ്ങളും ഉല്‍ഭവിച്ചു. സര്‍ച്ചു്, സോര്‍ട്ടിംഗ് എന്നിവ പ്രശ്നമായി. ഫോണ്ടില്‍ രണ്ടു തരം ചില്ലക്ഷരം ഉള്‍ക്കൊള്ളിക്കേണ്ടിയും വന്നു. പരിഷ്ക്കരിക്കപ്പെടാത്ത പല പഴയ മലയാള ഫോണ്ടും കാലഹരണപ്പെട്ടു. സര്‍ച്ചിംഗിലെ പ്രശ്നം മുന്നില്‍ കണ്ടുകൊണ്ടു് ചില വെബ്സൈറ്റുകള്‍ അവരുടെ പഴയ രീതിയിലുള്ള ചില്ലക്ഷരം എല്ലാം പുതിയ ആണവ ചില്ലക്ഷരമായി മാറ്റി. അതിനു പുറകെയാണു് ആണവ ചില്ലക്ഷരം ഒരു വന്‍ പരാജയം ആണെന്നുള്ള അഭിപ്രായവുമായി ഗൂഗിള്‍ രംഗത്തെത്തുന്നതു്.

ഇന്‍സ്ക്രിപ്റ്റിന്റെ റ്റൈപ്പിംഗ് രീതിയില്‍ കീബോര്‍ഡ് ലേയൗട്ടു് പരിഷ്ക്കരിച്ച C-DAC അവരുടെ എന്‍ഹാന്‍സ്ഡ് കീബോര്‍ഡില്‍ ചില്ലക്ഷരം റ്റൈപ്പ് ചെയ്യുവാന്‍ 3 രീതി സജ്ജമാക്കി. മൈക്രൊസോഫ്റ്റിന്റെ വ്യഞ്ജനം+്+CtrlShift1 എന്നും പഴയ വ്യഞ്ജനം+്+] എന്നും, നേരിട്ട് ആണവ ചില്ലക്ഷരം എന്ന രീതിയും. ഇതില്‍ ഏതുപയോഗിക്കണം എന്നതാണു് നിലവില്‍ ഉള്ള പ്രശ്നം.

ആറ്റമിക്ക് (ആണവ) ചില്ലക്ഷരങ്ങളെപ്പറ്റിയും Enhanced Inscript Keyboardനെപ്പറ്റിയും വായിക്കുവാൻ ഇടയായതിനു ശേഷം എഴുതിയ ഈ പേജിൽ താഴോട്ടുള്ളതു് റ്റൈപ്പടിച്ചിരിക്കുന്നതു് C-DAC (T) Malayalam എന്ന Enhanced Inscript Keyboard ഉപയോഗിച്ചാണു്.

ഇതു് download ചെയ്തു install ചെയ്തതിനു ശേഷം C-DAC (T) Malayalam എന്നതു വേണം add input languagesൽ tick select ചെയ്യുവാൻ. വേറെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഇതിനോടൊപ്പം ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കല്‍ Language Barൽ അതു് Malayalam - C-DAC(T) എന്നു കാണുകയും റ്റൈപ്പടിക്കാൻ അതു tick select ചെയ്യുകയും വേണം.
ചില്ലക്ഷരം റ്റൈപ്പു് ചെയ്യുവാൻ ഇതിൽ വ്യത്യസ്തമായ രീതിയാണു് സംവിധാനം ചെയ്തിരിക്കുന്നതു്. V = ൻ, * = ൾ, \ = ർ, > = ൽ,  X = ൺ എന്നീ രീതിയില്‍ ഒറ്റ കീസ്ട്രോക്കിലാണു് ചില്ലക്ഷരം കിട്ടുന്നതു്. അതും ആണവ ചില്ലക്ഷരം.

(കൂടാതെ പഴയ രീതിയിൽ വ്യഞ്ജനം+്+] എന്ന രീതിയിലും വ്യഞ്ജനം+്+Ctrl_Shift_1 (key combination) എന്ന രീതിയിലും ചില്ലക്ഷരം ഇതിൽ റ്റൈപ്പു് ചെയ്യാൻ സാധിക്കും

AltGr ചേര്‍ത്തു വേണം അക്കങ്ങൾ മലയാളത്തിൽ റ്റൈപ്പടിക്കുവാൻ. നോർമൽ ആയ ആദ്യത്തെ രണ്ടു ലേയറിൽ അക്കങ്ങൾ ഇംഗ്ലീഷിൽ ആണു് കിട്ടുന്നതു്.

AltGr+Shiftൽ D = ഌ , R = ൡ , + = ൠ

ബാക്കിയുള്ള റ്റൈപ്പിംഗു് എല്ലാം പഴയ രീതിയിൽ തന്നെ ആവാം. )

ആണവ ചില്ലക്ഷരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ :

൧. അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത പല പഴയ മലയാള ഫോണ്ടുകളിലും ആറ്റമിക്ക് ചില്ലക്ഷരം ഉൾക്കൊള്ളിച്ചിട്ടില്ലാത്തതിനാൽ അവ ഉപയോഗിച്ചു വായിക്കുവാൻ ശ്രമിച്ചാൽ ചില്ലക്ഷരങ്ങളെ ചതുരപ്പെട്ടിയായിട്ടോ ചോദ്യചിഹ്നം ആയിട്ടോ ആയിരിക്കും മോണിറ്ററിൽ തെളിയുക
൨. പഴയ പല സോഫ്റ്റ്‍വേറുകളും പ്രോഗ്രാമുകളും ആണവചില്ലക്ഷരത്തെ സപ്പോർട്ടു ചെയ്യുന്നില്ല
൩. ചില ഫോണ്ടിലെ അക്ഷരങ്ങളുമായി ആണവചില്ലക്ഷരത്തിന്റെ ആകൃതിയും വലിപ്പവും ഇണങ്ങുന്നില്ല

DOEയുടെ ഇന്‍സ്ക്രിപ്റ്റു് രീതിയിലെ ലേയൌട്ടു് 1986ല്‍ നിലവില്‍ വന്നതോടുകൂടി മലയാളം കീബോര്‍ഡു് ലേയൌട്ടിനു ഏകോപനം വന്നു. പക്ഷെ ചിലര്‍ അവരവരുടെ സൌകര്യാര്‍ത്ഥം അതും അഴിച്ചു പണിതു കീ വിന്യാസത്തില്‍ മാറ്റം വരുത്തി. അതോടുകൂടി ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡിലെ ലേയൗട്ടിനു് ഏകോപനം ഇല്ലാതെ ഭവിച്ചു.

മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചു വരുന്നതു് കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചതും കേരള സര്‍ക്കാരിന്റെ വെബു് സൈറ്റില്‍ ലഭ്യമായതും ആയ Inscript Keyboard for Malayalam in Windows Operating System (2007 - Mod 2008) ആണു്.

യൂണിക്കോഡു് മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ ലഭ്യമായ മറ്റു കീബോര്‍ഡുകള്‍

2. Windows 7ല്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ  Malayalam ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് - ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി
3. Ralminov's Extended Inscript Keyboard 2007 - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍
4. C-DAC(T) Enhanced Inscript Keyboard 2008 - ചില്ലക്ഷരങ്ങള്‍ മൂന്നു രീതിയില്‍ റ്റൈപ്പു് ചെയ്യാം
5. Malayalam Inscript Unicode Keyboard 2013 for Windows - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍.
6. Malayalam Typeracer - Caps Lock on is Qwerty and off is Malayalam.
7. Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ ആവാം. അതിന്റെ വര്‍ച്വല്‍ കീബോര്‍ഡില്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്നതിനാല്‍ ഓരോ ചില്ലക്ഷരം റ്റൈപ്പു് ചെയ്യുവാന്‍ വരുമ്പോഴും ക്യാരക്ടര്‍ പിക്കറിലേക്കും തിരിച്ചും മാറേണ്ടിവരും.

( AltGr, Alt+Shift എന്നിവ ഉപയോഗിക്കാതെ തന്നെ വ്യഞ്ജനം+്+വ്യഞ്ജനം എന്ന രീതിയില്‍ കൂട്ടക്ഷരങ്ങള്‍ ആദ്യത്തെ രണ്ടു ലേയറുകളില്‍ തന്നെ കിട്ടും എന്നിരിക്കേ മൂന്നാമത്തേയും നാലാമത്തേയും ലേയറിലെ നേരിട്ടടിക്കുന്ന കൂട്ടക്ഷരങ്ങളുടെ ആവശ്യകത എന്താണെന്നു മനസ്സിലാവുന്നില്ല. കീബോര്‍ഡ് പഠിച്ചെടുക്കാന്‍ ഇതു കൂടുതല്‍ ബൂദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയില്ലേ?  കൂടാതെ AltGrഉം Alt+Shiftഉം ഉപയോഗിച്ചു കൂടെക്കൂടെ നാലു ലേയറുകളിലേക്കും മാറി മാറി റ്റൈപ്പടിക്കേണ്ടി വരുന്നതും മുദ്ധിമുട്ടുണ്ടാക്കുകയും വേഗത കുറയ്ക്കുകയും ചെയ്യില്ലേ? വളരെ അപൂര്‍വ്വമായി ഉപയോഗിക്കേണ്ടിവരുന്ന പ്രാചീന മലയാള അക്ഷരങ്ങളും വിഭിന്ന സംഖ്യകളും ആണു് മൂന്നാമത്തേയും നാലാമത്തേയും ലേയറില്‍ ഉള്‍ക്കൊള്ളിക്കുന്നതെങ്കില്‍ ആ ലേയറുകള്‍ കൂടുതല്‍ പ്രയോജനപ്രദമാക്കാമായിരുന്നു. )

Inscript keyboard കൂടാതെ മറ്റനേകം Transliteration രീതികളും മലയാളം Remington Typewriter Layoutഉം നിലവില്‍ ലഭ്യമാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരേ രീതിയില്‍ മലയാളം റ്റൈപ്പു് ചെയ്യുന്ന സംവിധാനം എങ്ങിനെ സാദ്ധ്യമാകും? വൈവിദ്ധ്യമായ ലേയൌട്ടുകളുടെ എണ്ണം കൂടിയതു കൊണ്ടെന്താണു് നേട്ടം?

മലയാളം റ്റൈപ്പിംഗു് ഇപ്പോള്‍ ഒരു നാഥനില്ലാക്കളരി ആയി. തലപ്പത്തിരിക്കുന്നവര്‍ മുതല്‍ ഉപയോക്താവു് വരെ എല്ലാവരും അവരവരുടെ രീതി പിന്‍തുടരുന്നു. എല്ലാവരും ഒത്തൊരുമിക്കേണ്ട കാലം കഴിഞ്ഞു. ഏകോപനം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടിറങ്ങേണ്ടിവരുമോ? അനങ്ങാപ്പാറയായ സര്‍ക്കാറിനെ കുലുക്കാന്‍ കെല്പുള്ള വന്‍ ശക്തി മാദ്ധ്യമങ്ങള്‍ തന്നെ. പക്ഷെ അവരും വിഭിന്ന രീതിയില്‍ മലയാളം റ്റൈപ്പടിച്ചു പത്രം ഇറക്കുമ്പോള്‍ ഏകീകരണത്തിനു തുനിഞ്ഞിറങ്ങുമോ? കാശുമുടക്കി പല തരത്തിലുള്ള സോഫ്റ്റ്‌വേര്‍ കൈവശമുണ്ടെന്നു വച്ചു് സൌജന്യമായി ലഭ്യമായ മലയാള റ്റൈപ്പിംഗു് ഉപാധികള്‍ പ്രയോജനപ്പെടുത്തുന്നതിനു എന്താണു് തടസ്സം?

.

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!