മുഖവുര


ഒരു മുന്‍കൂര്‍ ജാമ്യം

മലയാളം മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്കു് വേണ്ടി മാത്രം ഉള്ളതാണു് ഈ ബ്ലോഗു്.

കഴിഞ്ഞ പത്തു വര്‍ഷമായി മലയാളം വെബു് പേജുകളിലും ഈ മെയിലിലും ആയി മലയാളം ഉപയോഗിച്ചതില്‍ എനിക്കു കിട്ടിയ അനുഭവം വിശദമായി നിങ്ങളുമായി പങ്കിടുക മാത്രമാണു് ഇവിടെ. ഞാന്‍ ഒരു റ്റെക്നിക്കല്‍ വിദഗ്ദ്ധനൊന്നും അല്ല. വിന്‍‍ഡോസില്‍ മലയാളം എങ്ങിനെ വൃത്തിയായി റ്റൈപ്പു് ചെയ്യാം എന്നുള്ള വിവരങ്ങളും അതിനായി തയ്യാറാക്കിയ പടങ്ങളും, വീഡിയോകളും, പിഡിഎഫു് ഫയലുകളും മാത്രമേ എന്റെ സ്വന്തമായി ഇവിടെ ഉള്ളു. മറ്റു വിവരങ്ങള്‍ നെറ്റില്‍ നിന്നും വിന്‍ഡോസു് സഹായം താളുകളില്‍ നിന്നും കിട്ടിയ വിവരങ്ങളാണു്. അവയ്ക്കു് നന്ദി പറഞ്ഞു കൊണ്ടു് അവ അര്‍ഹിക്കുന്ന പ്രാധാന്യം എല്ലാം കൂടി ചെര്‍ത്തു് താളുകളില്‍ കൊടുത്തിട്ടുണ്ടു്. അറിയണമെന്നു താല്‍പര്യം ഉള്ളവര്‍ക്കു് അതാതു് സൈറ്റിലേക്കു് ലിങ്കുവഴി കയറി ചെല്ലാം. ഒന്നോര്‍ത്താല്‍ വിദ്യ പരസ്പരം കൈമാറാനുള്ളതല്ലേ? അത്രയേ ഞാന്‍ ചെയ്തിട്ടുള്ളു. ഇവിടെ വന്നു പോകുന്നവര്‍ക്കു് നന്ദി പറഞ്ഞുകൊള്ളുന്നു. ഞാനുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കു് അതാതു താളുകളില്‍ അഭിപ്രായം എഴുതാവുന്നതാണു്.

ഇന്നു മലയാളികള്‍ക്കിടയില്‍ എത്ര പേര്‍ക്കു് കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടു്? കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവരില്‍ എത്ര പേര്‍ക്കു് മലയാളം റ്റൈപ്പു് ചെയ്യാന്‍ അറിയാം? അതില്‍ എത്ര പേര്‍ ട്രാന്‍സ്ലിറ്ററേഷന്‍ രീതി സ്വീകരിച്ചു? എത്ര പേര്‍ക്കു് ആംഗലേയ അക്ഷരങ്ങളെ ആശ്രയിക്കാതെ മലയാളം മലയാളത്തില്‍ തന്നെ റ്റൈപ്പു് ചെയ്യുവാന്‍ അറിയാം? പോട്ടെ, മലയാളം മലയാളത്തില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും എന്നറിയാവുന്ന മലയാളികള്‍ എത്ര പേരുണ്ടു്?

ട്രാന്‍സ്ലിറ്ററേഷന്‍ പഠിക്കാന്‍ എളുപ്പമാണെന്നു പറയുവാന്‍ സാധിക്കുമോ? അന്യഭാഷയെ, ഇംഗ്ലീഷിനെ, ആശ്രയിച്ചുള്ള റ്റൈപ്പിംഗു് ഇനി എത്രനാള്‍ നിലനില്‍ക്കും? കാലം മാറിയതറിഞ്ഞില്ലെന്നു നടിക്കുന്നതെന്തിനു്? ലോകത്തിലെ സകല ഭാഷകള്‍ക്കുമായി എന്‍കോഡിംഗു് യൂണിക്കോഡു് സമ്പ്രദായം നിലവില്‍ വന്നില്ലേ? ലോകത്തെമ്പാടും എല്ലാവരും അവരവരുടെ ഭാഷ കംപ്യൂട്ടറില്‍ ഉപയോഗിച്ചു തുടങ്ങിയില്ലേ? ആംഗലേയ ലിപികളെ ആശ്രയിക്കാതെ മലയാളം അക്ഷരമാലയെ മാത്രം ആശ്രയിച്ചു് മലയാളം എഴുതുന്നതു് പോലെ തന്നെ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഇന്നു സാദ്ധ്യമല്ലേ? അതും വളരെ കുറഞ്ഞ കീ സ്ടോക്കില്‍! അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും വളരെ വ്യക്തമായി (പ്രത്യേകിച്ചും ചില്ലക്ഷരങ്ങളും സംവൃതോകാരവും കൂട്ടക്ഷരങ്ങളും) കിട്ടുവാനുള്ള സജ്ജീകരണം ഇന്നില്ലേ?

മംഗ്ലീഷു് റ്റൈപ്പു് ചെയ്യുമ്പോള്‍ മലയാളം പ്രത്യക്ഷപ്പെടുന്ന ട്രാന്‍സ്ലിറ്ററേഷന്റെ മാസ്മരിക കാന്തവലയത്തില്‍ നിന്നും മലയാളത്തിനു് മോചനം കിട്ടുമോ?


ജീവിതത്തില്‍ ആദ്യമായി കംപ്യൂട്ടര്‍ ഉപയോഗിച്ച നാള്‍ മറന്നോ? എന്തൊക്കെ സംശയങ്ങള്‍ ആയിരുന്നു? കീബോര്‍ഡിലെ ഇംഗ്ലീഷു് അക്ഷരങ്ങള്‍ ഏതൊക്കെ എവിടെയൊക്കെയാണു് എന്നു് അറിയാതെ കീബോര്‍ഡില്‍ പരതിയിരുന്ന ഒരു കാലമില്ലേ? ഇന്നു് അതാണോ സ്ഥിതി? അക്ഷരങ്ങള്‍ റ്റൈപ്പു് ചെയ്യാന്‍ കണ്ണുകളെക്കാള്‍ സൂക്ഷ്മത വിരലുകള്‍ക്കു് കൈവന്നില്ലേ? ഇതെല്ലാം ഒറ്റ ദിവസം കൊണ്ടു് നേടിയെടുത്തതാണോ? അതു് പഠിക്കുവാന്‍ എത്ര ദിവസം എടുത്തു? ഇനിയിപ്പോള്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ വേണ്ടി മലയാളം റ്റൈപ്പിംഗു് കൂടി പഠിക്കണോ? ഏതു് കാര്യവും തുടങ്ങുമ്പോഴത്തെ ബുദ്ധിമുട്ടു് അനുഭവപ്പെടുന്നതു് തികച്ചും സ്വാഭാവികമല്ലേ? സൈക്കിള്‍ ചവിട്ടുവാന്‍ പഠിച്ചതു് എളുപ്പമായിരുന്നോ? പക്ഷെ അതു് പഠിച്ചുകഴിഞ്ഞു് സ്ക്രൂട്ടര്‍ ഓടിക്കാന്‍ പഠിച്ചപ്പോള്‍ അത്ര ബുദ്ധിമുട്ടു് തോന്നിയോ? 

പഠിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ടു തോന്നുമെങ്കിലും ഇന്‍സ്ക്രിപ്റ്റു് രീതി പഠിച്ചുകഴിഞ്ഞാലേ മനസ്സിലാവൂ അതാണു് ഏറ്റവും വേഗതയുള്ള റ്റൈപ്പിംഗു് സമ്പ്രദായം എന്നു്.

എന്നു്
മാധവഭദ്രന്‍

.

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!