Thursday, 29 August 2013

ലിപി പരിഷ്ക്കരണം - ശ്രേഷ്ഠഭാഷയ്ക്കു് ശ്രേഷ്ഠമായ ലിപി അനിവാര്യം


Thursday, 29 August 2013

ശ്രേഷ്ഠഭാഷയ്ക്കു് ശ്രേഷ്ഠമായ ലിപി അനിവാര്യം. അതിനായി വീണ്ടും ഒരു ലിപി പരിഷ്ക്കരണ ഉത്തരവു് സര്‍ക്കാര്‍ ഇറക്കുമോ?

മലയാളത്തിനു സ്വന്തമായി ഒരു ലിപി ഉണ്ടെന്നും അതു് പഴയ തനതു രൂപത്തില്‍ തന്നെ റ്റൈപ്പിടിക്കാന്‍ സാധിക്കുമെന്നും ഇരിക്കേ അതു റ്റൈപ്പടിക്കാന്‍ ഒരു നപുംസകഭാഷയായ മംഗ്ലീഷിനെ നമ്മള്‍ എന്തിനു ആശ്രയിക്കണം?

വിവരസാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ പഴയ തനതു രൂപത്തില്‍ കംപ്യൂട്ടറില്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമാണെന്ന വിവരം മാദ്ധ്യമങ്ങള്‍ വഴി ജനത്തെ അറിയിക്കാത്തിടത്തോളം കാലം ഓരോരുത്തരും അവരവരുടെ രീതിയ്ക്കു് മലയാളം വികൃതമായി റ്റൈപ്പടിച്ചുകൊണ്ടു തന്നെ ഇരിക്കും. ശീലിച്ചതേ പാലിക്കൂ എന്ന പിടിവാശി ആദ്യം ഉപേക്ഷിക്കേണ്ടതു് ജനസമ്മതി ഉള്ള മാദ്ധ്യമങ്ങളാണു്. ആശയവിനിമയം സാദ്ധ്യമാകുന്നുണ്ടെങ്കില്‍ എഴുതുന്നതു് ഏതു രീതിയിലായാലും വേണ്ടില്ല എന്ന ചിന്തയിലാണു് മാദ്ധ്യമങ്ങള്‍ ഓരോരുത്തരും അവരവര്‍ പരിഷ്ക്കരിച്ചെടുത്ത സോഫ്റ്റു്വേര്‍ ഉപിയോഗിച്ചു് പത്രങ്ങളും മാസികകളും റ്റൈപ്പു് ചെയ്യുന്നതു്. ഇവിടെ നിന്നും വേണം തുടങ്ങാന്‍. എല്ലാവരും ഒരേ രീതിയില്‍ റ്റൈപ്പു് ചെയ്യുവാന്‍ തുടങ്ങണം. "ഇന്നലെ ചെയ്തൊരബദ്ധം നാളത്തെ ആചാരമാകാം" എന്ന രീതിയിലാണു് ൧൯൭൧ മുതല്‍ മലയാളികള്‍ മുന്നോട്ടു് പോകുന്നതു്. അതു മാറണം. മാറാത്തിടത്തോളം കാലം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. മലയാളത്തിനു് ഒരു ഐക്യരൂപം ഉള്ള ശൈലി ആവശ്യമാണു്. സംസാരഭാഷാ ശൈലി വടക്കനായാലും തെക്കനായാലും ലിപി നമുക്കു് ഒന്നല്ലേ ഉള്ളു. "ഞാനില്ല വേറെ ആരെങ്കിലും ചെയ്യട്ടെ" എന്നു വിചാരിച്ചു പിന്‍തിരിഞ്ഞാല്‍ ഫലത്തില്‍ മാറ്റം വരുത്തുവാന്‍ ആരും ഉണ്ടാവില്ല. ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകളും പരിഷ്ക്കാരങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. മനസ്സു വച്ചാല്‍ മാദ്ധ്യമങ്ങളിലൂടെ വിപ്ലവകരമായ മാറ്റം വരുത്തുവാന്‍ സാധിക്കും. സര്‍ക്കാരിനെ സ്വാധീനിക്കാന്‍ മാദ്ധ്യമങ്ങള്‍ക്കു മാത്രമേ കഴീയൂ. അതുണ്ടാവണം. ഉണ്ടായാല്‍ ൧൯൭൧ നു വന്നു ഭവിച്ച അബദ്ധം തിരുത്തുവാന്‍ സാധിക്കും. അച്ചടിക്കും റ്റൈപ്പു് ചെയ്യുന്നതിനും എഴുതുന്നതിനും നമുക്കു് നമ്മുടെ മലയാള തനതു ലിപി വീണ്ടും ഉപയോഗിച്ചു തുടങ്ങാം.

താന്‍ വായിക്കുന്ന പത്രങ്ങളിലും മാസികളിലും പരസ്യപ്പലകയിലും പാഠപുസ്തകങ്ങളിലും എല്ലാം മലയാളത്തിന്റെ തനതായ ൧൯൭൧നു മുമ്പു് പ്രചാരത്തിലിരുന്ന എഴുത്തു ശൈലിക്കനുസരിച്ചുള്ള റ്റൈപ്പിംഗു് സമ്പ്രദായം തിരിച്ചു വരണം. അതാണു് വേണ്ടതു്. ഏതെങ്കിലും ഒരു പത്രം ഈ ദൗത്യം ഏറ്റെടുത്തു് തങ്ങളുടെ റ്റൈപ്പിംഗില്‍ പഴയ തനതു ലിപി ഉപയോഗിച്ചു തുടങ്ങട്ടെ. അതു വായിക്കുന്ന സാധാരണ ജനതയും ഭാഷാവിദഗ്ദ്ധരും അതു് വായിച്ചു മനസ്സിലാക്കട്ടെ ഇതാണു് ശരിയായ മലയാളം എന്നും ഈ കംമ്പ്യൂട്ടര്‍ യുഗത്തില്‍ ഒരു ലിപി തിരുത്തല്‍ അനിവാര്യമാണെന്നും. ഏതൊരു ശൈലിയില്‍ മാറ്റം വരുമ്പോഴും ആദ്യമൊക്കെ റ്റൈപ്പു് ചെയ്യുവാന്‍ ബുദ്ധിമുട്ടാണ്ടായാലും (൧൯൭൧ല്‍ ഉണ്ടായതു പോലെ) തനതു മലയാള ലിപി സാദ്ധ്യമാണെന്നും അതാണു് ഭംഗിയായി എഴുതുവാനും നല്ലതെന്നു് ജനം മലസ്സിലാക്കട്ടെ. പ്രതിഷേധം ഉയരുന്നെങ്കില്‍ ഉയരട്ടെ. എന്നാലേ കൂടുതല്‍ ആള്‍ക്കാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മുന്നോട്ടു് വരുകയും മലയാളം ലിപി പഴതു തന്നെ ഉപയോഗിച്ചു തുടങ്ങുകയും ചെയ്യുകയുള്ളു. ശ്രേഷ്ഠഭാഷാ പദവി കിട്ടിയതു് കൊണ്ടു് മലയാളത്തെ ശ്രേഷ്ഠമാക്കാന്‍ ഒരു ലിപിപരിഷ്ക്കരണം കൂതി അത്യാന്താപേക്ഷിതമാണെന്നു മലയാളികള്‍ അറിയട്ടെ. മലയാള ലിപിയും അങ്ങനെ ശ്രേഷ്ഠപദവിക്കര്‍ഹമാണെന്നും അതു പരിപോഷിക്കേണ്ടതു് നമ്മള്‍ മലയാളികള്‍ തന്നെയാണെന്നും അതിനു ഒരു വിദേശ ഇടപെടല്‍ ഉണ്ടാവില്ലെന്നും ഉള്ള ബോധം വളരട്ടെ.

പൂച്ചയ്ക്കാരു മണികെട്ടും? മാതൃഭൂമിയോ, കേരളകൗമുദിയോ, മലയാള മനോരമയോ, പാഠപുസ്തകങ്ങളോ, ഡിറ്റിപിയോ, പരസ്യപ്പലകകളോ ആരാവും മുന്‍കയ്യെടുക്കുക. റ്റൈപ്പു് റൈറ്റിങ്ങുനു വേണ്ടി വരുത്തിവച്ച ലിപിപരിഷ്ക്കാരം വീണ്ടും പഴയതിലേക്കു് വരിക തന്നെ വേണ്ടിയിരിക്കുന്നു. പേടിക്കണ്ട. നിങ്ങള്‍ ഏതു ശൈലി ഉപയോഗിച്ചാലും മലയാളികള്‍ അതു് ശിരസ്സാവഹിക്കും. നമുക്കു് നമ്മടെ ഭാഷ ശ്രേഷ്ഠമായി തന്നെ നില നിര്‍ത്തണ്ടേ? വരും തലമുറകള്‍ കണ്ടും കേട്ടും വായിച്ചും നല്ല മലയാളം പഠിക്കണ്ടെ?

നമ്മുടെ അമ്മമലയാളം ശ്രേഷ്ഠം ആക്കി നിലനിര്‍ത്തേണ്ടതു് നമ്മള്‍ തന്നെയല്ലേ? അന്യഭാഷക്കാരുടെ അമ്മ വേറെ ആയ സ്ഥിതിക്കു് അവര്‍ അവരുടെ അമ്മയുടെ കാര്യം കഴിഞ്ഞല്ലേ അന്യരുടെ അമ്മയെ ശ്രദ്ധിക്കൂ? ഇതിനൊക്കെ എവിടെയാണു് സമയം എന്നു ചിന്തിച്ചാലോ?

ഇതു കൂടി വായിച്ചു നോക്കൂ
മലയാള ലിപിയുടെ ഉപയോഗത്തില്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നടപ്പിലാകുമോ?
.

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!